നെയ്‌വട

| 2009, ഫെബ്രുവരി 16, തിങ്കളാഴ്‌ച

bathusha


ലെവളാണ്‌ നെയ്‌വട.


നുമ്മ കുട്ടിക്കാലത്ത് രാമനാട്ടുകരയിലും ഫറോക്കിലുമൊക്കയുള്ള ചില ഹോട്ടലുകളിലാണ്‌ ലെവളെ ആദ്യമായി കാണുന്നത്. ലൌ അറ്റ് ഫസ്റ്റ് സൈറ്റ്, അന്നേ നുമ്മള്‍ പേമിച്ചതാണവളെ. ഈ അടുത്ത് നുമ്മളുടെ ലാസ്റ്റ് ലൌ (അതൊരു കദനകഥയാണ്) സ്വന്തം ഫാര്യ ഇതുണ്ടാക്കി. പഴയ കാമുകിയല്ലേ, ലെവളുടെ ഓര്‍മ്മക്ക് ഞാന്‍ ഒരു പടവും എടുത്തു.

മറ്റുനിരാശാ കാമുകീ കാമുകന്‍മാര്‍ക്കായി, ദാണ്ടെ കിടക്കുന്നു ഉണ്ടാക്കുന്ന വിധം.

മൈദ - രണ്ട് കപ്പ്
തൈര്‌ - ഒരു കപ്പ്
നെയ്യ് - അര കപ്പ്.
ബേയ്ക്കിങ്ങ് പൌഡര്‍ - ഒരു ടീസ്പൂണ്‍
നാരങ്ങാ നീര്‌ - അര ടീസ്പൂണ്‍
വനിലാ എസ്സന്‍സ് - രണ്ടോ മൂന്നോ തുള്ളി.
വെജിറ്റബിള്‍ ഓയില്‍ - മുക്കിപ്പൊരിക്കാന്‍ പാകത്തിന്.


ആദ്യം പഞ്ചസാരപ്പാനി ഉണ്ടാക്കുക. മൂന്നുകപ്പു പഞ്ചാസാര ഒന്നരക്കപ്പു വെള്ളത്തില്‍ തിളപ്പിച്ചു കുറുക്കുക.

മൈദയും ബെയ്കിങ്ങ് സോഡയും നന്നായി യോജിപ്പിക്കുക . അരിപ്പൊടി തരിക്കുന്ന തരിപ്പയുണ്ടെങ്കില്‌ ഒന്നു തരിച്ച് ഉണ്ട കളഞ്ഞാല്‍ ഭേഷായി. എന്നിട്ട് തൈരും നെയ്യും എടുത്തിട്ട് ഒരു സ്പൂണ്‍ പഞ്ചസാരയും ഇട്ടേച്ച് അടിച്ച് പതപതാന്ന് പതപ്പിക്കുക. ലെങ്ങനെ പതഞ്ഞുനിക്കുമ്പം അതിലേക്ക് തരിച്ചുവച്ച മൈദാമിക്സ് മൊത്തമായി അങ്ങോട്ട് കമത്തുക. എന്നിട്ട് ചോറില്‌ സാമ്പാറൊഴിച്ച് കൊഴക്കണപോലെ അങ്ങട് കുഴക്കുക. അപ്പം കൊഴകൊഴാന്ന് ഒരു സാധനം കിട്ടും. വലിയ കട്ടിയില്ലാത്ത ലെവളെ ഉണ്ടയാക്കാനിത്തിരി മല്ലാണ്. അതുകൊണ്ട് കൈയ്യേലിത്തിരി എണ്ണ തടവി വല്ലവിധേനയും ചെറിയ ഉണ്ടകളാക്കുക. ഉണ്ടവലുതാണെങ്കില്‍ വറുക്കുമ്പം ചിലപ്പം ഉള്ളുവേകില്ലാ എന്നുമാത്രമല്ല, ചിലപ്പം എയര്‍പ്പോട്ടില്‍ വച്ചു പോലീസു പിടിക്കുകയും ചെയ്യും. അന്നേരം പിന്നെ തോക്ക് ചങ്കരന്റെ ആണെന്നു പറയരുത്. ഈ ഉണ്ട അങ്ങനേ എടുത്തു വറുത്താല്‍ ശരിയാവില്ല, ലെവളെ ഒരു മണിക്കൂറ്‌ ഫ്രിഡ്ജില്‌ അന്ത്യവിശ്രമത്തിനു വിടുക. അന്നേരം പുള്ളിക്കാരി ഒന്ന് ഉറച്ചു കിട്ടും എന്നിട്ട് എടുത്തിട്ട് എണ്ണയില്‍ ചെറുതീയില്‍ വറുക്കുക, നമ്മുടെ പി ബി അച്ചുമാമയെ വറുത്തപോലെ. അങ്ങനെ ലെവള്‍ ഒരു ഇളം ബ്രൌണ്‍ നിറമാകുമ്പം എടുത്തു പഞ്ചസാരപ്പാനിയില്‍ തട്ടുക. അങ്ങനെ സുഖിച്ച് കിടക്കട്ടെ അവിടെ ഒരു പതിഞ്ചുമിനിട്ട്. എന്നിട്ട് പതുക്കെ എടുത്ത് പുറത്തുവക്കുക, പഞ്ചസാരപ്പാനി ഉണങ്ങിപ്പിടിക്കുന്ന വരെ.

ഇത്രയൊക്കെ ചെയ്തിട്ടും തിന്നാന്‍ പാകത്തിനു കിട്ടിയാല്‍ മുണ്ടാണ്ടെ തിന്നിട്ടുപോകുക. പട്ടിപോലും തിന്നുന്നില്ലേല്‌ വീട്ടില്‍കിട്ടുന്ന സാധനങ്ങളൊക്കെ പൊടിച്ചിട്ട് ഫോട്ടോ എടുത്ത് ബ്ലോഗിലിടുക, ഏത്?

ഉണ്ടാക്കിയത് കെട്ടിയവള്‍, അലങ്കാരം പോട്ടം ഞാന്‍.

ലേബലുകള്‍

അതിഥികള്‍

About This Blog

എന്നെ കുറിച്ച്

എന്റെ ഫോട്ടോ
ഒരു കൊച്ചിന്റെ അച്ഛന്‍ എന്നതില്‍ കൂടുതല്‍ നേട്ടങ്ങള്‍ ഒന്നും ഇല്ലാത്ത ഒരു പാവം. സ്വദേശം കോഴിക്കോടിനടുത്ത് കാരാട്.

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP